കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രകടനം നടത്തിയ ഐ എൻ ടി യു സി നേതാവിന് സ്വീകരണം നൽകുന്ന ചടങ്ങില്‍ ഉദ്ഘാടകനായി എത്തുന്നത് രമേശ് ചെന്നിത്തല. നാളെ ചങ്ങനാശേരിയിലെ ഐ എൻ ടി യു സി നേതാവ് പി പി തോമസിന് നൽകുന്ന സ്വീകരണ സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി നിയോഗിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയെയാണ്.
ഐഎൻടിയുസി കോൺഗ്രസ് പോഷക സംഘടനയല്ല എന്ന സതീശന്റെ പ്രസ്താവനയ്‍ക്കെതിരെയാണ് പി പി തോമസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിലിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയവർക്കെതിരെ സതീശൻ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പ്രകടനത്തിന് നേതൃത്വം നൽകിയ പി പി തോമസിനെ സംസ്ഥാന സെക്രട്ടറി ആയി ഉയർത്തിയതിന് പിന്നാലെയാണ് സ്വീകരണം നൽകാൻ ചെന്നിത്തല എത്തുന്നത്. കെ സി ജോസഫും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ള നേതാക്കളും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.