തിരുവനന്തപുരം: ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായ പത്മകുമാർ ഇ.എസ് തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശ പേടക പരിപാടികൾക്കുമുള്ള മെക്കാനിക്കൽ ഗൈറോകളും ഒപ്റ്റിക്കൽ ഗൈറോകളും അടിസ്ഥാനമാക്കിയുള്ള ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റങ്ങൾ, ആറ്റിറ്റിയൂഡ് റഫറൻസ് സിസ്റ്റങ്ങൾ, ആക്സിലറോമീറ്റർ പാക്കേജുകൾ എന്നീവയുടെ രൂപകൽപ്പനയും വികസനവും ഗഗൻയാനിൽ ആദ്യ സഞ്ചരിണിയാകുന്ന വ്യോമിത്ര റോബോട്ടിന്റെ വികസനവും IISU വിലാണ്.
തൃശൂർ മൂർക്കനിക്കര സ്വദേശിയായ പദ്മകുമാർ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി ടെക്കും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് സിസ്റ്റം സയൻസ് ആൻഡ് ഓട്ടോമേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1986-ൽ വിഎസ്‌എസ്‌സിയിൽ ചേർന്ന അദ്ദേഹം ഗ്രൂപ്പ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, കൺട്രോൾ, അസോസിയേറ്റ് ഡയറക്ടർ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന പദവികൾ വഹിച്ചു. 2023 ഏപ്രിലിൽ ആദ്യത്തെ സ്വയംഭരണ ലാൻഡിംഗ് നേടിയ RLV-LEX ദൗത്യത്തിന്റെ രൂപകൽപ്പനയിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന വികസനത്തിനും അദ്ദേഹം നേതൃത്വം നൽകി, 2023 ഫെബ്രുവരിയിൽ SSLV-D2 വിജയകരമായി പറന്നു.
PSLV യുടെ അന്തിമ ഘട്ടമായ പിഎസ് 4 ഉപയോഗിച്ച് ചെലവുകുറഞ്ഞ മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾക്ക് അവസരം തുറന്ന POEM ദൗത്യങ്ങൾക്കായുള്ള ടീമിനെ നയിച്ചത് മുതിർന്ന ശാസ്ത്രജ്ഞനായ പത്മകുമാർ ഇ.എസ് ആണ്. ഐഎസ്ആർഒയുടെ പുതിയ വിക്ഷേപണ വാഹനമായ എൻജിഎൽവി (നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ) രൂപകൽപന ചെയ്യുന്നതിനുള്ള ടീമിനെയും അദ്ദേഹം നയിക്കുന്നു. ലോഞ്ച് വെഹിക്കിൾ സാക്ഷാത്കാരത്തിനായുള്ള വിവിധ സംഭാവനകൾക്ക് ISRO ടീം എക്‌സലൻസ്, മെറിറ്റ് അവാർഡുകൾ ഉൾപ്പെടെയുള്ള അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ബഹിരാകാശ വിദഗ്ധരുടെ പ്രധാന സംഘടനയായ ഇന്റർനാഷണൽ അക്കാദമി ഓഫ് ആസ്ട്രോനോട്ടിക്സ് (IAA) ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പ്രൊഫഷണൽ ബോഡികളിൽ അദ്ദേഹം അംഗമാണ്.
പരേതനായ ശങ്കരൻ ഇ കെയുടെയും പി എൻ സരസ്വതിയുടെയും മകനാണ്. ഭാര്യ ഡോ. രാധ ആർ.കെ, പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലാന്റ് ബയോടെക്‌നോളജിയിൽ സീനിയർ സയന്റിസ്റ്റാണ്. മകൾ മേധ പത്മകുമാർ ഒരു എഞ്ചിനീയറാണ്, കൂടാതെ ഒരു ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി പ്രവർത്തിക്കുന്നു