കോഴഞ്ചേരി : കാൽ നൂറ്റാണ്ടിലേറെ മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പിൽ മുടങ്ങാതെ ടി.ജെ. ജെ എന്ന തൂലികാ നാമത്തിൽ ഇന്നത്തെ ചിന്താവിഷയം എഴുതിക്കൊണ്ടിരുന്ന ഫാ. ഡോ. ടി.ജെ. ജോഷ്വാ അച്ചനോടൊപ്പം ചിലവഴിക്കാൻ ലഭിച്ച അവസരങ്ങൾ തന്റെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങൾ ആയിരുന്നുവെന്നു ജോസ് കോലത്ത് ഗ്ലോബൽ ഇന്ത്യൻ ന്യൂസിനോട് പറഞ്ഞു.
ജോസ് കോലത്തിൻ്റെ വാക്കുകൾ :
കോട്ടയത്തു കുറിച്ചിയിലുള്ള അച്ചന്റെ വസതിയിൽ ഒരു വർഷം മുൻപ് സന്ദർശിച്ചപ്പോഴാണ് കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി ഞാൻ മുടങ്ങാതെ യോഗാ അഭ്യസിക്കുന്ന കാര്യവും , യോഗയും ധ്യാനവും തന്റെ ജീവിതത്തെ എങ്ങിനെ സ്വാധീനിച്ചു എന്നതിനെപ്പറ്റി ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കയാണെന്നും ജോഷ്വാ അച്ചനോട് പറയാൻ ഇടയായത്. അത് കേട്ട് വളരെ സന്തോഷവാനായ അച്ചൻ അതിരാവിലെ നാലരക്ക് എഴുന്നേറ്റു പ്രാർത്ഥനക്കു ശേഷം യോഗയും ധ്യാനവും ദീർഘകാലമായി ചെയ്യുന്ന കാര്യം പറയുകയുണ്ടായി.
പിന്നീട് ഈ വിഷയത്തെപ്പറ്റി ഫോണിലും നേരിട്ടും പല പ്രാവശ്യം ചർച്ചകൾ നടത്തുകയും ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജോസ് കോലത്ത് പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം വിവരിച്ചപ്പോൾ അച്ചന് വളരെ ഇഷ്ടപ്പെട്ടു. അവതാരികയും ആശംസയും അച്ചനിൽ നിന്ന് ഏറ്റു വാങ്ങുന്നതാണ് ചിത്രത്തിൽ. (കൂടാതെ ജോഷ്വാ അച്ചൻ ജോസ് കോലത്തിന്റെ യോഗാ പുസ്തകത്തെപ്പറ്റി പറയുന്ന വീഡിയോയും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.)
2007 ൽ ഉണ്ടായ കാറപകടത്തിൽ ഭാര്യയുടെ ആകസ്മിക വേർപാട്, അച്ചനെ ഏറെക്കാലമായി പിന്തുടർന്ന കാൻസർ രോഗം ഇതിനെയെല്ലാം സധൈര്യം നേരിട്ടത് പ്രാർത്ഥന, യോഗാ, ധ്യാനം എന്നീ മൂന്ന് കാര്യങ്ങളിൽ കൂടിയാണെന്ന് അചഞ്ചലമായ ദൈവ വിശ്വാസത്തിനുടമയായ അച്ചൻ എപ്പോഴും പറയുമായിരുന്നു എന്ന് ജോസ് കോലത്ത് പറഞ്ഞു.
ഓർത്തഡോക്സ് സഭയിലെ പരിശുദ്ധ കാതോലിക്കാ ബാവാ, തിരുമേനിമാർ
ഉൾപ്പെടെ നൂറുകണക്കിന് വൈദികർ ആണ് 60 വർഷത്തിലേറെ വൈദിക സെമിനാരിയിൽ അധ്യാപകനായിരുന്ന ജോഷ്വാ അച്ചന്റെ ശിഷ്യ ഗണത്തിൽ ഉള്ളത്. അറുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ജോഷ്വാ അച്ചൻ “ഗുരുരത്നം” അവാർഡ് ഉൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടുള്ള മഹത് വ്യക്തിയാണ്.