കൊച്ചി : സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നടപടി ഉടനെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ അര്‍ഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലും കയ്യിലില്ലാതെ കെ ഫോൺ. പതിനാലായിരം പേരുടെ ലിസ്റ്റ് നൽകാൻ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിൽ പകുതി മാത്രമാണ് ഇതുവരെ കൈമാറിയത്. പ്രവര്‍ത്തന മൂലധനം കണ്ടെത്താൻ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വകുപ്പുതല തര്‍ക്കങ്ങൾ തീര്‍ന്നിട്ടുമില്ല.
ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ. പട്ടിക തയ്യാറാക്കാൻ തദ്ദേശ ഭരണ വകുപ്പിനെ ഏൽപ്പിച്ചത് ആറ് മാസം മുൻപ്, ഇത് വരെ കൊടുത്തത് 10 ജില്ലകളിൽ നിന്നായി 7569 പേരുടെ ലിസ്റ്റ്. നാല് ജില്ലകളിൽ നിന്ന് ഒരാള് പോലും ലിസ്റ്റിലുൾപ്പെട്ടിട്ടില്ല. നിയോജക മണ്ഡല അടിസ്ഥാനത്തിൽ 100 പേരെങ്കിൽ ഒരു വാര്‍ഡിൽ നിന്ന് പരമാവധി ഉൾപ്പെടുത്താനാകുക ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ലിസ്റ്റെടുക്കാൻ പഞ്ചായത്തുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ബാക്കി ലിസ്റ്റ് ചോദിക്കുമ്പോൾ തദ്ദേശ ഭരണ വകുപ്പ് വിശദീകരണം. നടത്തിപ്പ് ടെണ്ടറെടുത്ത കേരളാ വിഷനെ കെ ഫോൺ ലിസ്റ്റ് ഏൽപ്പിക്കുകയും വീടുകളിലേക്ക് കേരളാ വിഷൻ കേബിൾ വലിച്ചിടുകയും ചെയ്തു. എന്നാൽ ഡാറ്റ കണക്ഷൻ എങ്ങനെ നൽകണമെന്നോ പരിപാലന ചെലവ് എവിടെ നിന്നെന്നോ ഇത് വരെ വ്യക്തമല്ല. ഉപഭോക്തക്കളിൽ നിന്ന് ഒപ്പിട്ട് വാങ്ങേണ്ട ഫോമിന് പോലും മാതൃകയുമില്ല.
പ്രവര്‍ത്തന മൂലധനവും സൗജന്യ കണകക്ഷൻ അടക്കം പരിപാലന ചെലവും ചേര്‍ത്ത് പ്രതിവര്‍ഷം 300 കോടി രൂപയെങ്കിലും കണ്ടെത്താനായാലേ കെ ഫോണിന് പിടിച്ച് നിൽക്കാനാകു. വിശദമായ റിപ്പോര്ട്ട് സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും വകുപ്പുതല തര്‍ക്കം വെളിച്ചം കണ്ടിട്ടില്ല. നിലവിൽ 14000 ത്തോളം ഓഫീസുകളിലേക്ക് കെ ഫോൺ പരീക്ഷണാടിസ്ഥാനത്തിൽ ഡാറ്റ എത്തിക്കുന്നുണ്ട്. ഒപ്റ്റിക്കൽ ഫൈബറുകൾ പുറം വാടകക്ക് നൽകിയും വാണിജ്യാവശ്യത്തിനും വീടുകളിലേക്കും ഇന്റര്‍ നെറ്റ് എത്തിച്ചും വരുമാനം കണ്ടെത്താണമെന്ന നിര്‍ദ്ദേശമാണ് വിദഗ്ധ സമിതി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ ഇത് വരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.