തിരുവനന്തപുരം: ജനത്തെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതികൊള്ളയ്ക്കും കിട്ടിയ തിരിച്ചടിയാണ് തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് മിന്നും ജയം നേടിയത്.
ജനം വെറുത്ത എല്‍ഡിഎഫില്‍നിന്നും യുഡിഎഫ് ആറുസീറ്റുകള്‍ പിടിച്ചെടുത്തു. അധികാരത്തിന്റെ ധാര്ഷ്ട്യത്തില് എന്തു ചെയ്തതാലും ജനം അതെല്ലാം സഹിക്കുമെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മിഥ്യാധാരണയാണ് ജനം പൊളിച്ചടുക്കിയത്. മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും വാക്കുകളില്‍ ആ പരിഹാസ്യം എല്ലായിപ്പോഴും മുഴച്ച് നിന്നിരുന്നു. ബജറ്റിലെ നികുതിക്കൊള്ളയും ഇന്ധന സെസും കുറയ്ക്കണമെന്ന് കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടപ്പോള്‍ ജനത്തിന് അത്തരമൊരു അഭിപ്രായമില്ലെന്ന മുന്‍വിധിയോടുള്ള പരിഹാസ്യം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് അംഗങ്ങളും നല്‍കിയത്.
മോദി സര്‍ക്കാരിന്റെ അടിക്കിടെയുള്ള പാചകവാതക വിലവര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിച്ചു. അതിന് മേല്‍ ഇടുത്തീപോലെയാണ് പിണറായി സര്‍ക്കാരിന്റെ നികുതിക്കൊള്ള നടത്തുന്നതെന്നും സുധാകരന് കൂട്ടിച്ചേർത്തു.