കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിലെ വിവാദ പ്രസംഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസ്. കലാപ ശ്രമത്തിനാണ് കൊച്ചി സെന്‍ട്രൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ സുധാകരന്‍റെ പ്രസംഗം. സുധാകരന്‍റെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റു എന്ന കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസില്‍ പരാതി നൽകിയിരുന്നു.
കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ മർദ്ദിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇരുവരെ മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിൽ സംഘടനാ ഭാരവാഹിയായ ജെറിൻ ജെസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധത്തിനിടെയാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്കും ജീവനക്കാർക്കും മർദ്ദനമേറ്റത്.