ബെംഗളുരു : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ മൂന്നാം ദിവസവും തീരുമാനമാകാതെ തുടരുന്നതിനിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിർദ്ദേശം. എഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 70 ശതമാനം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം.
സംസ്ഥാനത്തെ കോൺഗ്രസിന്റെ വിജയശിൽപ്പി എന്നാണ് ഡികെയെ വിശേഷിപ്പിക്കുന്നത് എന്നതിനാൽ തന്നെ അദ്ദേഹത്തെ തള്ളാനും ജനകീയനായ സിദ്ധരാമയ്യയെ മാറ്റി നിർത്താനും കോൺഗ്രസിനാകില്ല. തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നതിനാൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമാണ് സിദ്ധരാമയ്യയ്ക്കുള്ളത്. ഉപമുഖ്യമന്ത്രി പദം എന്നാണെങ്കിൽ അത് ഒറ്റൊരെണ്ണമേ പാടൂ എന്ന ആവശ്യം ശിവകുമാർ മുന്നോട്ട് വച്ചിട്ടുണ്ട്. ദില്ലിയാത്ര തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡികെ ശിവകുമാർ മടങ്ങി. ഉപമുഖ്യമന്ത്രി പിസിസി അദ്ധ്യക്ഷ പദവികൾ ശിവകുമാർ ഒന്നിച്ച് വഹിക്കട്ടെയെന്നാണ് എഐസിസി നിർദ്ദേശം. സിബിഐ ശിവകുമാറിനെ പൂട്ടുമോ എന്നും ആശങ്കയുണ്ട്. രാഹുൽ ഗാന്ധി സത്യപ്രതിജഞയ്ക്കാണ് കർണാടകയിലെത്തും.