കണ്ണൂർ: പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുന്നത് ആർഎസ്എസിന്റെ വോട്ടല്ല, മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പുതുപ്പള്ളിയിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ആരോപണത്തിനാണ് കെ സി വേണുഗോപാലിന്റെ മറുപടി.
എം വി ഗോവിന്ദന്റെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലാണെന്നും കോൺഗ്രസ് ഒരു കാലത്തും സംഘപരിവാറുമായും ബിജെപിയുമായും സന്ധി ചെയ്യില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരുപാട് വോട്ട് ഇത്തവണ ചാണ്ടി ഉമ്മന് ലഭിക്കും. ബിജെപിയുടെ വോട്ട് കിട്ടുന്ന ഒരേയൊരു പാർട്ടിയേ കേരളത്തിലുള്ളൂ അത് സിപിഐഎമ്മാണ്. രണ്ട് പേരുടെയും ശത്രു കോൺഗ്രസാണ്.
അതുകൊണ്ട് ആ തൊപ്പി ചേരുന്നത് എം വി ഗോവിന്ദനും സിപിഐഎമ്മിനുമാണെന്നും കെ സി വേണുഗോപാൽ തുറന്നടിച്ചു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിനുള്ള മറുപടിയായിരിക്കും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാരിനെതിരെയുള്ള വിലയിരുത്തൽ കൂടിയാകും ഫലമെന്നും പുതുപ്പള്ളിയിൽ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കുമെന്നാണ് എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപി വോട്ട് വാങ്ങിയാൽ മാത്രം ചാണ്ടി ഉമ്മൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.