തിരുവനന്തപുരം: കെൽട്രോൺ പ്രവർത്തനത്തെ ചൊല്ലി നിയമസഭയിൽ തർക്കം. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂരും ഭരണപക്ഷത്ത് നിന്ന് വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവുമാണ് തർക്കിച്ചത്. റോഡിലെ എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്ത് നിന്ന് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കെൽട്രോണിനെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനികൾക്ക് ടെണ്ടർ നൽകുന്നുവെന്നായിരുന്നു വിഷയത്തിൽ സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. കെൽട്രോൺ നോക്കുകുത്തിയല്ലെന്നും കെൽട്രോണിനെ അപമാനിക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു. പിന്നാലെ കെൽട്രോൺ ഒരു നട്ട് പോലും ഉണ്ടാക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു. ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3, ആദിത്യ – എൽ1 മിഷനുകൾക്കടക്കം വേണ്ട ഉപകരണങ്ങൾ പോലും കെൽട്രോൺ നിർമിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി പറഞ്ഞു.
റോഡിലെ എഐ ക്യാമറ പദ്ധതി നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ അല്ല നൽകിയതെന്നും കെൽട്രോണിനാണ് നൽകിയതെന്നും ആന്റണി രാജു പറഞ്ഞു. കാമറ വെച്ചതിനെയല്ല അതിന് പിന്നിലെ അഴിമതിയെ ആണ് എതിർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവിന് ഇനിയും കാര്യം മനസ്സിലായിട്ടില്ലെന്നായിരുന്നു ഇതിനോട് ഗതാഗത മന്ത്രിയുടെ പരിഹാസം. ടെണ്ടർ പദ്ധതി, നടത്തിപ്പ് മോഡൽ എന്നിവ സംബന്ധിച്ച് ഗതാഗത മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി.