തൊടുപുഴ : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു ജില്ലയിലെത്താനിരിക്കെ എൽഡിഎഫ് പ്രഖ്യാപിച്ച ഇടുക്കി ജില്ലാ ഹർത്താൽ തുടങ്ങി. ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ. ഗവർണർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മുൻ നിശ്ചയിച്ച പരിപാടിക്കായി ഇന്നു 11.30നു തൊടുപുഴയിലെത്തും. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവർണർ പങ്കെടുക്കുന്ന പരിപാടി നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലും പറഞ്ഞു. ഗവർണർക്കു നേരെ പ്രതിഷേധം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൊടുപുഴയിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്നു തന്നെയാണ്.