കോഴിക്കോട് : അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചാൽ ഉടനടി 500 രൂപ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സിറ്റി ട്രാഫിക് പൊലീസ്. കോഴിക്കോട് സിറ്റി പൊലീസും ലയൺസ് ക്ലബ് 318 ഇയും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. അപകടത്തിൽ ഗുരുതര പരുക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5,000 രൂപ നൽകുന്ന ‘ഗുഡ് സമരിറ്റൻ’ പദ്ധതി നിലവിലുണ്ട്. എന്നാ,ൽ ഇതിൽ പണം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. മാസാവസാനം പ്രത്യേക സമിതി ചേർന്നു വിലയിരുത്തിയ ശേഷമാണ് അർഹരെ കണ്ടെത്തുക. എന്നാൽ, പുതിയ പദ്ധതി പ്രകാരം ആശുപത്രിയിൽ എത്തിച്ചതിന് അപ്പോൾത്തന്നെ പണം ലഭിക്കും.
ആദ്യ ഘട്ടത്തിൽ കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. വിജയകരമായാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ലയൺസ് ക്ലബ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് ടി.ജി.ബാലൻ, നോർത്ത് സോൺ ഐജി കെ.സേതുരാമൻ എന്നിവരുമായി ചേർന്നുള്ള ചർച്ചയെ തുടർന്നാണു പദ്ധതി പ്രഖ്യാപിച്ചതെന്നു ഡിസിപി അനൂജ് പലിവാൾ, ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോൺസൺ, ലയൺസ് ക്ലബ് ഭാരവാഹികളായ ടി.ജി.ബാലൻ, ഇ.അനിരുദ്ധൻ, കെ.മുരളീധരൻ എന്നിവർ പറഞ്ഞു.