തിരുവനന്തപുരം: പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കൂടുതൽ നേതാക്കളെ കെപിസിസി അംഗങ്ങളായി നോമിനേറ്റ് ചെയ്യും. ഇതിനിടയിൽ എഐസിസി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പ്രതിഷേധം എ,ഐ ഗ്രൂപ്പുകളിൽ ശക്തമായി. കെപിസിസി അംഗങ്ങളായി 305 പേരെ നേരത്തെ നിശ്ചയിച്ചിരുന്നു. എഐസിസി പട്ടികയിലും ഇടം കണ്ടെത്താൻ കഴിയാതെ ചില പ്രമുഖ നേതാക്കൾ മാറി നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജനറൽ ബോഡി അംഗങ്ങളെ നിശ്ചയിച്ച ശേഷം കെപിസിസി പ്രസിഡന്റിന് ഏതാനും പേരെ നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥയുണ്ട്. ഇതു പ്രയോജനപ്പെടുത്തി കുറച്ചു പേരെ നോമിനേറ്റ് ചെയ്യാനാണ് ആലോചന.
എന്നാൽ ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നില്ലെന്ന പ്രതിഷേധത്തിലാണ് എ, ഐ ഗ്രൂപ്പുകൾ. എഐസിസി പട്ടികയിൽ ആര്യാടൻ മുഹമ്മദിനു പകരം എ നിർദേശിച്ച കെ.സി.അബു തഴയപ്പെട്ടു. ഡൊമിനിക് പ്രസന്റേഷനും ഇടം കണ്ടില്ല. തമ്പാനൂർ രവിയെ വോട്ടവകാശമുള്ളവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും എ വിഭാഗത്തിന് നീരസമുണ്ട്. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട വ്യക്തിയാണ് തമ്പാനൂർ രവി.
ജില്ലകളിലെ പുനഃസംഘടനാ ചർച്ചകളുടെ
പുരോഗതിയിലും അമർഷമുണ്ട്. പട്ടിക നൽകിയ ആലപ്പുഴയിൽ കിട്ടിയ പേരുകൾ കൂട്ടിക്കെട്ടി ഒരു പട്ടികയാക്കി കെപിസിസിക്കു കൈമാറുക മാത്രമാണെന്ന് ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പല ബ്ലോക്കുകളിലും പ്രസിഡന്റ് സ്ഥാനത്തേക്ക് 67 പേരുകളുണ്ട്. മാവേലിക്കര ബ്ലോക്കിൽ മാത്രമാണ് ഒരാളുടെ മാത്രം പേര് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിച്ചിട്ടുള്ളത്.