കോഴിക്കോട്: മറുനാടൻ മലയാളി വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സുപ്രിംകോടതി വിധിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വർഗീയപ്രചാരണങ്ങളും വ്യാജപ്രചാരണങ്ങളും നടത്തിയാൽ മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സി.പി.എം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും കോൺഗ്രസ് ശരിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ. സുധാകരന്റെ വിശദീകരണം. ‘വർഗീയ-വ്യാജപ്രചാരണങ്ങൾ നടക്കുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുകയും സർക്കാരിന്റെ അഴിമതികൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയും ചെയ്യുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രിംകോടതി തന്നെ ഇന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമാകുകയാണ്.’-സുധാകരൻ പറഞ്ഞു.
കള്ളപ്രചാരണങ്ങളും വർഗീയപ്രചാരണങ്ങളും ഏതു മാധ്യമം നടത്തിയാലും ഉചിതമായ നടപടികൾ സ്വീകരിച്ചിരിക്കണം. ഒരു മാധ്യമത്തിന്റെയും അത്തരം നീക്കങ്ങളെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഉണ്ടാകില്ല. എന്നാൽ, അടിമുടി ക്രിമിനലുകളായ സി.പി.എം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും കോൺഗ്രസ് ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും സുധാകരൻ വ്യക്തമാക്കി.