തിരുവനന്തപുരം: ജാതീയ പരാമര്‍ശത്തില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതി. സാമൂഹ്യപ്രവര്‍ത്തകയാണ് ധന്യാ രാമനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ധന്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവര്‍ക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണ കുമാറിന്‍റെ വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കൃഷ്ണകുമാറിന്‍റെ ഭാര്യ സിന്ധുവിന്‍റെ യുട്യൂബ് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് കൃഷ്ണകുമാറിന്‍റെ ജാതീയത തുറന്നുകാട്ടുന്ന പരാമര്‍ശമുള്ളത്. ”ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും”. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്.