തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം വേണം. 4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതൽ 6.34 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്ടം ഉണ്ടാകുന്നു. ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷം ആരോപിച്ചു. സർക്കാരിന്റെ ഭാഗത്ത് ഉണ്ടായത് ഗൗരവമായ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും തുറന്നടിച്ചു.
അതേ സമയം കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും, സർക്കാർ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. പുതിയ കരാറിന്റെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രിയും നിയമസഭയെ അറിയിച്ചു.