തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ സിപിഎം പോഷക സംഘടനയായ സിഐടിയു. തൊഴിലാളിക്ക് ശമ്പളം കൊടുക്കാത്തത് നീതീകരിക്കാനാകില്ലെന്ന് സംസ്ഥാന പ്രസിഡണ്ട്ന്റ് ടി പി രാമകൃഷ്ണൻ പറഞ്ഞു. പെൻഷൻ കാര്യവും സമാനമായ അവസ്ഥയിൽ തന്നെയാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാന സർക്കാർ ഇടപെടൽ കൊണ്ട് മാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. ഇത് എല്ലാ കാലവും തുടർന്നു പോകാൻ ആകില്ല. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും സിഐടിയു നേതൃത്വം വ്യക്തമാക്കി.
കെഎസ്ആർടിസി വിഷയത്തിൽ കോൺഗ്രസും സർക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സര്‍ക്കാരിനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആരോപിച്ചു. തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്ത ഈ സര്‍ക്കാരിനെ എങ്ങനെ ഇടതുപക്ഷ സര്‍ക്കാരെന്ന് വിളിക്കാന്‍ കഴിയും. പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിന് പുല്ലുവിലയാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ പകുതി നല്‍കുകയും രണ്ടാം ഗഡു ഇനിയും നല്‍കിയിട്ടുമില്ല.
സര്‍ക്കാരിന്റെ അലംഭാവം കൊണ്ട് ദുരിതത്തിലാകുന്നത് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ്. രണ്ട് മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശ്ശികയാണ്. മരുന്നും മറ്റും വാങ്ങാന്‍ കാശില്ലാതെ പെന്‍ഷന്‍കാരില്‍ പലരും നരകയാതനയാണ് അനുഭവിക്കുന്നത്. ഇതൊന്നും കാണാനും കേള്‍ക്കാനും തയ്യാറാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സാധരണക്കാരായ നികുതിദായകരുടെ 30 കോടിയെടുത്ത് ആര്‍ഭാടത്തോടെ കെഎസ്ആര്‍ടിസി ബസിലേറി ജനസദസ്സിന് പുറപ്പെടാന്‍ തയ്യാറാടെക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.