തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ പുന:സംഘടനക്ക് പിന്നാലെ കെ.എസ്.യു ജില്ല -നിയോജക മണ്ഡലം പുനഃസംഘടനക്ക് തുടക്കമായി. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി നടന്നു വരുന്ന തിരഞ്ഞെടുപ്പ് – നാമനിർദ്ദേശ രീതികൾക്ക് വ്യത്യസ്തമായി എൻ.എസ്.യു.ഐ ദേശീയ കമ്മിറ്റിയുടെ മാർഗനിർദേശപ്രകാരം സംഘടന പ്രവർത്തന മികവ് മാനദണ്ഡമാക്കി വിലയിരുത്തലുകൾ നടത്തിയാണ് പുനഃസംഘടന പൂർത്തീകരിക്കുന്നത്.
ജില്ല നിയോജക മണ്ഡലം കമ്മിറ്റികളിൽ ഭാരവാഹികളാവാൻ താല്പര്യമുള്ളവർ 2023 സെപ്റ്റംബർ 30 ന് മുമ്പായി ഗൂഗിൾ ഫോം പൂരിപ്പിച്ചു ബയോ ഡാറ്റാ സഹിതമാണ് അയക്കേണ്ടത്. തുടർന്ന് ജില്ല തലങ്ങളിൽ ജില്ല പ്രസിഡന്റും സംസ്ഥാന ഭാരവാഹികളും അടങ്ങുന്ന ജില്ല തല കോർഡിനേഷൻ കമ്മിറ്റി ആണ് പുനഃസംഘടന പ്രക്രീയ പൂർത്തീക്കരിക്കുന്നത്. സംഘടനപരമായ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു (മെമ്പർഷിപ് കാമ്പയിൻ, യൂനിറ്റ് രൂപീകരണം ,ബൂത്ത് കേഡർമാരെ കണ്ടെത്തുക, പുതിയ വോട്ടർമാരെ ചേർക്കുക ഉൾപ്പെടെ) അപേക്ഷകൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തലുകൾ നടത്തി ഒരു മാസത്തിനകം പുനഃസംഘടന പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
പുനഃസംഘടന അടിയന്തിരമായി പൂർത്തിയാക്കി വരാൻ പോകുന്ന പാർലിമെന്റ് ഇലക്ഷന് വേണ്ടി സംഘടനയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. വോട്ടർ ലിസ്റ്റിൽ പുതിയ വോട്ടർമാരെ ചേർക്കുക, എല്ലാ ബൂത്തുകളിലും ഒരു കെ എസ് യു കേഡറെ കണ്ടെത്തുക, പുതിയ ആയിരത്തിനു മുകളിൽ സ്കൂൾ -കോളജ് -പ്രാദേശിക യൂനിറ്റ് രൂപീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ നൂതനമായ പ്രക്രീയയുടെ ഭാഗമായി നടക്കും.
പുനഃസംഘടന പൂർത്തിയാകുമ്പോൾ ഇരുപത്തി അയ്യായിരത്തോളം ബൂത്ത് തല കേഡറുകൾ പുതിയതായി ഈ സംഘടനയിലേക്ക് കടന്നു വരും . എറണാകുളത്തു വച്ചു നടന്ന കെ എസ് യു സംസ്ഥാന കമ്മിറ്റി പുന:സംഘടനാ പ്രക്രിയ അടിയന്തിരമായ പൂർത്തീകരണത്തിന് വേണ്ടിയുള്ള തീരുമാനം കൈകൊണ്ടുവെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.