തിരുവനന്തപുരം : തലസ്ഥാനത്ത് പ്രതിഷേധിച്ച കെഎസ് യു വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണെന്ന ആരോപണവുമായി സംഘർഷത്തിൽ പരിക്കേറ്റ കെ എസ് യു പ്രവർത്തക നെസിയ. ‘വനിതാ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പുരുഷ പൊലീസാണ്. ഇത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ മർദ്ദിച്ചത്. പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് പൊലീസ് മർദ്ദിച്ചു. മുഖത്തും, മൂക്കിനും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് ചികിത്സ കിട്ടിയത്. പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് എതിരെ നടപടി വേണം. ഇതിനായി മനുഷ്യാവകാശ കമ്മീഷനെ അടക്കം സമീപിക്കുമെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ എസ് യു പ്രവർത്തക നെസിയ പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയോടെയാണ് കെ എസ് യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് തലസ്ഥാനത്ത് സംഘർഷത്തിലേക്ക് നയിച്ചത്. ബാരിക്കേട് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു.
കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്. ഇന്നലെ തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വൻ സംഘർഷം ഉണ്ടായത്. പൊലീസ് പ്രവർത്തകരെ തെരഞ്ഞുപിടിച്ച് അതിക്രൂരമായി മർദ്ദിച്ചെന്നാണ് കെഎസ്‍യു ആരോപണം. പരിക്കേറ്റ രണ്ട് പ്രവർത്തകർ ആശുപത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അടക്കം നാല് നേതാക്കൾ റിമാൻഡിലാണ്