കുവൈത്ത് : അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കബറടക്കം നാളെ (ഞായര്‍) ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങളും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തിക്കൾ പുനരാരംഭിക്കുമെന്ന് സർക്കാർ നടത്തുന്ന കുവൈത്ത് ന്യൂസ് ഏജൻസി (കുന) അറിയിച്ചു. ദുഃഖാചരണ വേളയിൽ സംസ്ഥാനത്തെ ഓഫീസുകളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
കബറടക്ക ചടങ്ങുകളുടെ വിശദാംശങ്ങൾ കുവൈത്തിലെ രാജകീയ കോടതി ഒരു പ്രത്യേക പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. നാളെ (ഞായർ) രാവിലെ 9ന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ പ്രാർഥന നടക്കും. തുടർന്ന് കബറടക്കം. പുതിയ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും മറ്റ് രാജകുടുംബാംഗങ്ങളും തിങ്കളാഴ്ച രാവിലെയും ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കും ബയാൻ പാലസിൽ അനുശോചനം സ്വീകരിക്കുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിലൂടെ അറിയിച്ചു.