സ്ത്രീ ജീവിത സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവിൽ നൃത്തം ചെയ്ത ഇറാനിയൻ ദമ്പതികൾക്ക് 10.5 വർഷം തടവ് ശിക്ഷ. ഇറാനിയൻ കോടതിയാണ് ദമ്പതികളെ ശിക്ഷിച്ചതെന്ന് ‘ഫസ്റ്റ് പോസ്റ്റ്’ റിപ്പോർട്ടിൽ പറയുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ആസാദി സ്ക്വയറിൽ തങ്ങൾ നൃത്തം ചെയ്യുന്ന വീഡിയോയാണ് ബ്ലോഗർ ദമ്പതികളായ അസ്തിയാസ് ഹഗിഗി (21), അമീർ മുഹമ്മദ് അഹമ്മദി (22) എന്നിവർ പങ്കിട്ടത്.
കഴിഞ്ഞ വർഷം നവംബർ 10 നാണ് ഹാഗിഗിയെയും അഹമ്മദിയെയും അറസ്റ്റ് ചെയ്തത്. അഴിമതിയും പൊതു വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയെ തടസ്സപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഒത്തുകളിച്ചതിനും ആരോപണമുണ്ട്. ജയിൽ ശിക്ഷയ്ക്ക് പുറമെ സൈബർ ഇടം ഉപയോഗിക്കുന്നതിൽ നിന്നും ദമ്പതികളെ രണ്ട് വർഷത്തെക്ക് വിലക്കി. കൂടാതെ രണ്ട് വർഷത്തെക്ക് ഇറാൻ വിടാനും പാടില്ല.
ഇറാനിയൻ സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ 22 കാരിയായ കുർദിഷ് യുവതി മഹ്‌സ അമിനി മരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പ്രതിഷേധങ്ങളെ പിന്തുണയ്ക്കാൻ ദമ്പതികൾ നൃത്തം ചെയ്തിരുന്നു. ഈ വീഡിയോ പിന്നീട് വൈറലായി. ഇതോടെയാണ് ഇവർക്കെതിരെ നടപടി ഉണ്ടായത്.