ചെന്നൈ : എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി മുൻ കോൺഗ്രസ് നേതാവ്.പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും കുടുംബത്തോടൊപ്പം കഴിയുന്നുണ്ടെന്നുമാണ് തമിഴ് ദേശീയവാദ സംഘടനയുടെ നേതാവായ പഴ നെടുമാരൻ അവകാശപ്പെടുന്നത്.
വേൾഡ് ഫെഡറേഷൻ ഓഫ് തമിഴിന്റെ തലവനായ നെടുമാരൻ തഞ്ചാവൂരിലെ മുല്ലിവൈക്കൽ മെമ്മോറിയലിൽ എത്തി മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയ്‌ക്കും മകൾക്കുമൊപ്പം കഴിയുന്ന എൽടിടിഇ തലവൻ വൈകാതെ തന്നെ പൊതുജനസമക്ഷം വരുമെന്നും ഈലം തമിഴർക്ക് മികച്ച ജീവിതം ലഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുമെന്നും നെടുമാരൻ അറിയിച്ചു.
ശ്രീലങ്കയിൽ രജപക്‌സെ ഭരണം അവസാനിപ്പിച്ചതിനാലാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഇക്കാര്യങ്ങൾ പറയുന്നതെല്ലാം പ്രഭാകരന്റെ അനുമതിയോടെയാണെന്നും നെടുമാരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രഭാകരനെ 2009 ൽ സൈന്യം വധിച്ചുവെന്നാണ് ശ്രീലങ്കൻ സർക്കാർ അവകാശപ്പെട്ടിരുന്നത്. ഡിഎൻഎ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. 1991ൽ നടന്ന രാജീവ് ഗാന്ധി വധത്തിന് പിന്നിൽ ഉൾപ്പെടെ നിരവധി ഭീകരകുറ്റകൃത്യങ്ങളിൽ എൽടിടിഇക്ക് പങ്കാളിത്തമുണ്ടായിരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രഭാകരന്റെ തിരോധാനം.