തിരുവനന്തപുരം: പ്രതിപക്ഷത്തെ മന:പൂർവം ഒഴിവാക്കുന്നു എന്ന് ആരോപിച്ച് സഭ ടിവിയിൽ നിന്നു പ്രതിപക്ഷം ഒഴിവായി. സഭ ടിവിയുടെ ഉന്നതാധികാര സമിതിയിലെ പ്രതിപക്ഷ പ്രതിനിധികളായ റോജി എം. ജോണ്, എം. വിൻസന്റ്, മോൻസ് ജോസഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ രാജിവച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്ന ദൃശ്യങ്ങൾ പോലും സഭ ടിവിയിൽ കാണിക്കുന്നില്ലെന്നു പ്രതിപക്ഷം പരാതിപ്പെട്ടു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയെങ്കിലും അവഗണന തുടരുന്ന സാഹചര്യത്തിലാണ് സഭ ടിവിയുമായി സഹകരിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനിച്ചത്.