റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് സൗദി അറേബ്യയിലെ അബഹക്ക് സമീപം അപകടത്തിൽപെട്ട്. 20 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് അപകടം ഉണ്ടായത്.
ബസിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് സൂചന. ബസ് പൂർണ്ണമായും കത്തിയമർന്ന നിലയിലാണ്. വാഹനത്തിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ മഹായിലെ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.