നോർത്ത് 24 പർഗാന: നോർത്ത് 24 പർഗാന ജില്ലയിലെ ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ അധികൃതരെ അറിയിച്ച് നാട്ടുകാർ. റോഡുകളുടെ ഈ അവസ്ഥ കാരണം ഗ്രാമത്തിലെ യുവാക്കളുടെ വിവാഹലോചനകൾ പോലും മുടങ്ങുകയാണെന്നാണ് ഗ്രാമവാസികളുടെ പരാതി.
ജില്ലയിലെ ബാഗ്ദ ബ്ലോക്കിലെ കോണിയറ ഗ്രാമം സന്ദർശിച്ച ബാഗ്ദ എംഎൽഎ ബിശ്വജിത്ത് ദാസിനോടാണ് ജനങ്ങൾ തങ്ങളുടെ പരാതി പറഞ്ഞത്. ദുൽനി ഗ്രാമത്തിലെത്തിയ അദ്ദേഹത്തോട് റോഡിന്റെ ശോചനീയവസ്ഥയെപ്പറ്റി ഗ്രാമവാസികൾ വിവരിക്കുകയായിരുന്നു. ഈ പ്രദേശത്തെ യുവാക്കൾക്ക് വിവാഹം കഴിക്കാനാകുന്നില്ലെന്നും ആരും തങ്ങളുടെ മകളെ ഇത്തരമൊരു റോഡുള്ള ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് അയയ്ക്കാൻ തയ്യാറാകുന്നില്ലെന്നും യുവാക്കൾ പറഞ്ഞു.
റോഡ് ഇത്തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. കാൽനടയാത്ര പോലും വളരെ ദുസ്സഹമാണ്. അതുകൊണ്ട് തന്നെ ഈ ഗ്രാമങ്ങളിലെ പുരുഷൻമാരെ വിവാഹം കഴിക്കാൻ പെൺകുട്ടികളും തയ്യാറാകുന്നില്ല.
” ഈ പ്രശ്‌നം വളരെ കാലമായി ഞങ്ങൾ അനുഭവിക്കുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് നവീകരിച്ചില്ലെങ്കിൽ ഞങ്ങൾ വേണ്ട നടപടികളെടുക്കും. ഈ റോഡ് കാരണം ഇവിടുത്തെ ചെറുപ്പക്കാരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ വിസമ്മതിക്കുകയാണ്. ദിവസം കഴിയുന്തോറും പ്രശ്‌നം ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്,’ പ്രദേശവാസിയായ ശേഖർ ബാല പറഞ്ഞു.
അതേസമയം പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കുമെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. പാതശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ രണ്ട് കിലോമീറ്റർ വരെയുള്ള ഭാഗം ഉടൻ നവീകരിക്കുമെന്നും അദ്ദേഹം നാട്ടുകാർക്ക് ഉറപ്പ് നൽകി. ദിവസങ്ങൾക്കകം തന്നെ റോഡിന്റെ പണി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.