അഞ്ച് പതിറ്റാണ്ട് മലയാളികളുടെ ജീവിതത്തിൽ നർമ്മവും സൗഹൃദവും നിറച്ച, മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നച്ചൻ വിടവാങ്ങിയതിന്റെ വേദനയിലാണ് കലാകേരളമിപ്പോഴും. മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളക്കരയുടെ പ്രിയപ്പെട്ട നടൻ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്നത് ഇരിങ്ങാലക്കുട സെന്റ്.തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ്. ഇന്നസെന്റിന്റെ ഏഴാം ഓർമ്മദിനമാണ് ഇന്ന്.
ഇപ്പോഴിതാ ഒരുപാട് പ്രത്യേകതകളുമായി അദ്ദേഹത്തിന്റെ കല്ലറയും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇന്നസെന്റ് അഭിനയിച്ച് വെള്ളിത്തിരയിൽ അനശ്വരമാക്കിയ 30-ലേറെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ കല്ലറയിൽ പതിപ്പിച്ചിട്ടുള്ളത്. ഇന്നസെന്റിന്റെ കുടുംബമാണ് ആലേഖനം ചെയ്തത്. ഈ ആശയം അദ്ദേഹത്തിന്റെ കൊച്ചുമക്കളുടേതാണ്. കല്ലറ ഏറ്റവും മനോഹരമാക്കണമെന്നും അതിൽ ഇന്നസെന്റ് വെള്ളിത്തിരയിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിലുമുണ്ടാവണമെന്നായിരുന്നു ഇന്നസെന്റിന്റെ കൊച്ചുമക്കളുടെ ആഗ്രഹം.
ഇക്കഴിഞ്ഞ മാർച്ച് 26-ന് രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ഒരാഴ്ചയോളം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. 1972-ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. നിർമ്മാതാവ് എന്ന നിലയിലാണ് സിനിമയിൽ എത്തിയത്.
പിൽക്കാലത്ത് ഹാസ്യനടനായും സ്വഭാവനടനായും ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളാണ്. 750-ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന് അനുശോചനം അറിയിച്ചിരുന്നു. പ്രിയപ്പെട്ട താരത്തിന്റെ വിയോഗ വേദനയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം ഉൾപ്പടെ ചലച്ചിത്രലോകം ഒന്നടങ്കം ദുഃഖം രേഖപ്പെടുത്തി. രാഷ്‌ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖർ ഇന്നസെന്റിന് അന്ത്യാഞ്ജലി നേർന്നു. ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചത്