എന്റെ കേരളം 2023 പ്രദർശന വിപണന മേളയ്ക്ക് പാലക്കാട് നാളെ തുടക്കമാകും. ഏപ്രിൽ ഒൻപത് മുതൽ 15 വരെ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിലായിരിക്കും മേള നടക്കുക. ഒൻപതിന് വൈകീട്ട് ആറിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.
മേളയിൽ കുടുംബശ്രീ ഫുഡ്‌കോർട്ടിൽ പുതുരുചിക്കൂട്ടുകളാണ് ഒരുങ്ങുന്നത്. അട്ടപ്പാടി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ പരിശീലന സ്ഥാപനമായ ഐഫ്രം ടീമിന്റെ റിസർച്ച് വിങ് ആണ് അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ട് ‘സോലൈ മിലൻ’ എന്റെ കേരളത്തിലേക്ക് എത്തിക്കുന്നത്. ഭക്ഷണ പ്രേമികൾ ഏറ്റുവാങ്ങിയ ‘അട്ടപ്പാടി വനസുന്ദരിക്ക്’ ശേഷം അട്ടപ്പാടിയിൽ നിന്നും തയ്യാറാവുന്ന വിഭവമാണ് ‘സോലൈ മിലൻ’. സോല എന്ന വാക്കിന്റെ അർത്ഥം വനം എന്നാണ്. വനത്തിൽ നിന്ന് ലഭിക്കുന്ന ധാന്യവിഭവങ്ങളും ചിക്കനും ചേർന്നുള്ള വിഭവമായതിനാലാണ് സോലൈ മിലൻ എന്ന പേര് നൽകിയിരിക്കുന്നത്. സോലൈ മിലന് പുറമേ അട്ടപ്പാടി വനസുന്ദരിയും അട്ടപ്പാടി കുടുംബശ്രീ വനിതകൾ എന്റെ കേരളം ഫുഡ് കോർട്ടിൽ ഒരുക്കുന്നുണ്ട്.
ശ്രീകൃഷ്ണപുരം രുചിക്കൂട്ട് കഫെ ഒരുക്കുന്ന മലബാർ ചിക്കൻ ബിരിയാണി, ഒരുമ ട്രാൻസ്‌ജെൻഡർ കാന്റീൻ ഒരുക്കുന്ന ജ്യൂസുകൾ, കാവശ്ശേരി രുചി കാന്റീൻ ഒരുക്കുന്ന ചോലെ ബെട്ടുര, കാവശ്ശേരി സുഭിക്ഷ കാന്റീൻ ഒരുക്കുന്ന ഉന്നക്കായ, പത്തിരി തുടങ്ങിയ മലബാർ സ്‌നാക്‌സ്, പാലക്കാട് സുന്ദരീസ് കഫെ ഒരുക്കുന്ന വിവിധതരം ദോശകൾ, മണ്ണാർക്കാട് മരിയൻ കേക്ക് ഒരുക്കുന്ന കേക്ക് ഉത്പന്നങ്ങൾ തുടങ്ങിയവയും ഫുഡ് കോർട്ടിലുണ്ടാകും. തക്കാളി ദോശ, ഉള്ളി ദോശ, പൊടി ദോശ തുടങ്ങി മലയാളികളുടെ പ്രിയഭക്ഷണമായ ദോശയിലും വ്യത്യസ്തതകൾ നിറയും. ദാഹശമനത്തിനായി ഒരുക്കുന്ന ശീതള പാനീയങ്ങളിലും പുതുമകളുണ്ട്. നെല്ലിക്കകാന്താരി, പച്ചമാങ്ങ, തണ്ണിമത്തൻ, പൈനാപ്പിൾ തുടങ്ങിയ ജ്യൂസുകളും കുടുംബശ്രീ ഫുഡ് കോർട്ടിൽ ലഭിക്കും. ശീതീകരിച്ച 200ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗകര്യവും ലഭ്യമാണ്.