കൊല്ലം: പന്മന ആശ്രമത്തിൽ ചട്ടമ്പി സ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന് ഏപ്രിൽ 19-ന് തുടക്കമാകും. ’മഹാഗുരുവർഷം 2024’ എന്നപേരിൽ 2024 മേയ് എട്ടുവരെ നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. ആചാര്യസംഗമം, ശില്പശാലകൾ, ജ്ഞാന സംവാദങ്ങൾ, സമ്മേളനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
20-ന് രാവിലെ പത്തിന് ’പ്രകൃതിയും ആരോഗ്യവും’ ശാസ്ത്ര സെമിനാർ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ജി.എം.നായരാണ് അധ്യക്ഷൻ. 21-ന് സ്വാമി നിർമലാനന്ദഗിരി അനുസ്മരണസമ്മേളനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 22-ന് രാവിലെ 10.30-ന് മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ വിദ്യാധിരാജ സന്ദേശം നൽകും. കേന്ദ്രമന്ത്രി വി.മുരളീധരനാണ് മുഖ്യാതിഥി.
23-ന് ത്രിപുരസുന്ദരീദേവിയുടെ വാർഷികപൂജയും മഹാഗുരുവർഷം പാരായണ സമാരംഭവും ഹൈദരാബാദ് സർവജ്ഞപീഠം മഠാധിപതി കാൻഷിസ്വാമി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ പരിപാടികളിൽ വിവിധ ദിവസങ്ങളിലായി കേരള പുരാണപാരായണ സംഘടന സംസ്ഥാന പ്രസിഡന്റ് ആമ്പാടി സുരേന്ദ്രൻ, ഡോ. നിരഞ്ജൻഭായി വർമ, കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ, വിഷ്ണു മോഹൻ ഫൗണ്ടേഷനിലെ സ്വാമി ഹരിപ്രസാദ് എന്നിവർ പങ്കെടുക്കും.
28-ന് രാവിലെ 10-ന് സ്വാമി ചിദാനന്ദപുരിയുടെയും വൈകീട്ട് അഞ്ചിന് ഏവൂർ സൂര്യകുമാറിന്റെയും പ്രഭാഷണം. 29-ന് രാവിലെ 10 മുതൽ ശ്രീ എം പങ്കെടുക്കുന്ന സത്‌സംഗം ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ വൈകീട്ട് കലാപരിപാടികളുമുണ്ട്.