കോഴിക്കോട് : എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫി പദ്ധതിയിട്ടത് രണ്ട് കോച്ചുകൾക്ക് തീയിടാൻ. ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി 2 കോച്ചിനും തീയിടാൻ പ്രതിയ്‌ക്ക് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ ഡി1 കോച്ച് കത്തിച്ചതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടയിലാണ് ഇയാളുടെ ബാഗ് പുറത്ത് വീണത്.
ഷാരൂഖിനെ ഇന്ന് വീണ്ടും വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കും. സർജറി വിഭാഗങ്ങളിലാണ് ഇന്ന് പ്രതിയെ പരിശോധനയ്‌ക്ക് എത്തിക്കുന്നത്. തുടർന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീണ്ടും ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ പ്രതിയുമായി തെളിവെടുപ്പ് തുടരും. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് കഴിഞ്ഞ ദിവസവും പ്രതിയുടെ ആരോഗ്യ നില പരിശോധിച്ചിരുന്നു.
പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് കേരളത്തിൽ നിന്ന് ലഭിച്ച സഹായത്തെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. താൻ ഒറ്റയ്‌ക്കാണ് കുറ്റകൃത്യം ചെയ്തതെന്ന ഷാരൂഖിന്റെ മൊഴി അന്വേഷണ സംഘം സ്വീകരിച്ചിട്ടില്ല. ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. ഇതേ തുടർന്ന് തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്താണ് ഇയാളെ ചോദ്യം ചെയ്യുന്നത്.