ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ ബിജെപിയിൽ നിന്ന് രാജിവച്ച് മുദിഗെരെ എംഎൽഎ എം.പി.കുമാരസ്വാമി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ബിജെപിയിൽ നിന്ന് രാജിവയ്ക്കുന്ന നാലാമത്തെ പ്രധാന നേതാവാണ് കുമാരസ്വാമി.
6 തവണ നിയമസഭാംഗമായിരുന്ന മുൻ മന്ത്രി എസ്.അംഗാര സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുകയാണെന്നു അറിയിച്ചു. സുള്ള്യ സീറ്റ് നൽകാത്തതാണു കാരണം. വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയ്ക്ക് പിന്തുണയുമായി ശിവമൊഗ്ഗയിലെ ബിജെപി മേയറും 18 കോർപറേഷൻ അംഗങ്ങളും രാജിവച്ചു. മുൻ ഉപമുഖ്യമന്ത്രിയും നിയമസഭാ കൗൺസിൽ (എംഎൽസി) അംഗവുമായ ലക്ഷ്മൺ സാവദി പാർട്ടി വിടുമെന്നറിയിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. മുതിർന്ന നേതാവ് ആർ.ശങ്കർ എംഎൽസി സ്ഥാനം രാജിവച്ചു.
224 മണ്ഡലങ്ങളിൽ 189 സീറ്റിലെ പട്ടിക പ്രഖ്യാപിച്ചതിൽ 52 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ ബിജെപി 9 സിറ്റിങ് എംഎൽഎമാരെയും ഏതാനും മുതിർന്ന നേതാക്കളെയും ഒഴിവാക്കുകയായിരുന്നു.