ന്യൂഡൽഹി: വീണ്ടും കൂട്ടപിരിച്ചു വിടലിന് തയാറെടുത്ത് ഗൂഗിൾ. വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമ്പനി സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായാണ് പുതിയ പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നതെന്ന് സുന്ദർ പിച്ചൈ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ 12000 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിട്ടത്. പുത്തൻ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുമാണ് ഗൂഗിൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചാറ്റ്ബോട്ടിനെ ഇമെയിൽ, ഗൂഗിൾ ഡോക്സ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുമെന്നും സിഇഒ പറഞ്ഞു. 20 ശതമാനം കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ പ്രവർത്തനങ്ങളും സംവിധാനങ്ങളും പരിശോധിച്ചുവരികയാണെന്നും ഗൂഗിളിന്റെ ചിലവുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തുടരെയുളള പിരിച്ചുവിടൽ നടപടി സ്വീകരിച്ചതെന്നും പിച്ചെ അഭിമുഖത്തിൽ പറഞ്ഞു.
ഗൂഗിളിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ നിന്ന് 450-ഓളം ജീവനക്കാരെ ഗൂഗിൾ നേരത്തെ പിരിച്ചുവിട്ടിരുന്നു. കൊറോണയെ തുടർന്ന് ലോകം ഓൺലൈൻ സേവനങ്ങളിൽ സജീവമായതോടെ നിരവധി പേരെയാണ് കമ്പനി ജോലിക്കെടുത്തിരുന്നത്.