ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിലെത്തി. ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന അപ്പസ്തോലിക് നുണ്ടായെ ബൊക്കെ നൽകി സ്വീകരിച്ചു. ചങ്ങനാശേരി അതി രൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ നേതൃത്വത്തി ൽ നൽകിയ സ്വീകരണത്തിൽ തക്കല മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക അല്‍മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അതിരൂപത കേന്ദ്രത്തിൽ എത്തിച്ചേർന്ന വത്തിക്കാൻ പ്രതിനിധിയെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്നു അന്താരാഷ്ട്ര കുടുംബപഠന കേന്ദ്രമായ തുരുത്തി കാനാ- ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉപരിപഠനം നടത്തുന്നവരും പ്രഫസർമാരും ഉൾപ്പെടുന്ന വൈദികരോടും സമർപ്പിതരോടും സംവാദം നടത്തും. ഇത്തിത്താനം ആശാ ഭവന്റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് റിട്ടയർ ചെയ്ത വൈദികർ വിശ്രമജീവിതം നയിക്കുന്ന ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദർശിക്കും. ന്യൂണ്‍ഷോ നാളെ ഡല്‍ഹിയിലേക്ക് മടങ്ങും.