ദില്ലി: ഇന്ത്യയും ഇസ്രായേലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സഹകരണത്തിന് തുടക്കമായി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് (MoST) കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റുമായി (DDR&D) വ്യാവസായിക ഗവേഷണ വികസന സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ (MOU) ഒപ്പുവച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. സഹകരണം വ്യാവസായിക സാങ്കേതിക മേഖലകളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ സഹായിക്കും. ആരോഗ്യം, സുസ്ഥിര ഊർജ്ജം, പരിസ്ഥിതി, ജലം, കാർഷികം, പോഷകാഹാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യത്തിനും ഗുണം ചെയ്യും.
വ്യാവസായിക, സാങ്കേതിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിഎസ്ഐആർ, ഡിഡിആർ ആൻഡ് ഡി തലവന്മാരുടെ നേതൃത്വത്തിലുള്ള ജോയിന്റ് സ്റ്റിയറിംഗ് കമ്മിറ്റി സഹകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും നിരീക്ഷിക്കുകയും ചെയ്യും. ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഡോ ജിതേന്ദ്ര സിംഗ് സ്വാഗതം ചെയ്തു.