ബെംഗളൂരു: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി ബന്ധമുള്ള രാഷ്ട്രീയ സംഘങ്ങളാണ് ഇന്ത്യയിലെ ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് എതിരായ ആക്രമണങ്ങൾക്കു പിന്നിലെന്ന് ബെംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളെല്ലാം ആസൂത്രിതമായിരുന്നുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആർച്ച് ബിഷപ് വ്യക്തമാക്കി. മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റങ് ദൾ, വിശ്വ ഹന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നും ആർച്ച് ബിഷപ് സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ക്രിസ്ത്യൻ മതവിഭാഗങ്ങളുമായി അടുപ്പം സൃഷ്ടിക്കാൻ ബിജെപി വലിയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ്, ഇന്ത്യയിൽ ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾക്കു പിന്നിൽ സംഘപരിവാർ സംഘടനകളുടെ പങ്ക് വെളിപ്പെടുത്തി ബെംഗളൂരു ആർച്ച് ബിഷപ്പ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ക്രിസ്ത്യാനികൾക്കെതിരെ സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായാണ് ആർച്ച് ബിഷപ് സത്യവാങ്മൂലം സമർപ്പിച്ചത്.
‘‘കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നു തന്നെ, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്കു പിന്നിൽ അവരുമായി ബന്ധമുള്ള സംഘടനകളാണെന്നു വ്യക്തമാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്ന അതേ സമയത്താണ് ആക്രമണങ്ങൾ വ്യാപിച്ചത്. 2021ൽ 505ഉം 2022ൽ 598ഉം ഈ വർഷം ഇതുവരെ 123 ആക്രമണങ്ങളും ഉണ്ടായി.
ഇതിൽ 90 ശതമാനം ആക്രമണങ്ങൾക്കും ഒരേ സ്വഭാവമാണ്. മതപരിവർത്തനം ആരോപിച്ച് പള്ളികളും പ്രാർഥനാ യോഗം നടക്കുന്ന ഹാളുകളും തകർക്കുക, പിന്നീട് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആക്രമണത്തിന് ഇരകളായവർക്കെതിരെ കേസെടുക്കുക. ഹിന്ദു ജാഗരൺ മഞ്ച് ഉൾപ്പെടെയുള്ള സംഘടനകളും ആർഎസ്എസ്, ബജ്റങ് ദൾ, വിഎച്ച്പി തുടങ്ങിയവയുടെ പ്രവർത്തകരുമാണ് ഈ കേസുകൾക്കു പിന്നിലെ പരാതിക്കാർ’’ – ആർച്ച് ബിഷപ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.