കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി കുത്തിയത് ആറുതവണ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കുത്തേറ്റത്.
പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്‍ജന്‍ ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയ വന്ദനാ ദാസ് മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.