ഭോപ്പാല്‍: മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ ബാലാവകാശ കമ്മീഷൻ നടപടിക്ക് എതിരെ വിശ്വാസികളും സഭാ അധികൃതരും.
റെയ്ഡിന് ശേഷം കമ്പ്യൂട്ടറുകൾ ഉൾപ്പടെയുള്ളവ നശിപ്പിച്ച അധികാരികൾക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ സാഗർ ജില്ലയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കുർബാനയ്ക്ക് വേണ്ടി സൂക്ഷിച്ച വീഞ്ഞ് പിടിച്ചെടുക്കുകയും ഇത് മദ്യമെന്ന പേരിൽ മാധ്യമങ്ങൾക്ക് മുൻപിൽ പ്രചരിപ്പിക്കുകയും ചെയ്തതായി സഭാ അധികൃതർ ആരോപിച്ചു.
അനധികൃതമായി മത സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ ബാലാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നൂറ്റമ്പത് വർഷം പഴക്കമുള്ള അനാഥാലയത്തിന്റെ ലൈസൻസ് എത്രയും വേഗം പുതുക്കി നൽകണമെന്നും നിവേദനത്തിൽ സഭാ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.