Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജനവഞ്ചനയുടെ രണ്ടു വർഷം'; പിണറായി സർക്കാരിനെതിരെ സംസ്ഥാനവ്യാപക പ്രചാരണവുമായി എസ്.ഡി.പി.ഐ

ജനവഞ്ചനയുടെ രണ്ടു വർഷം’; പിണറായി സർക്കാരിനെതിരെ സംസ്ഥാനവ്യാപക പ്രചാരണവുമായി എസ്.ഡി.പി.ഐ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണത്തിൽ സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്. ‘പിണറായി സർക്കാരിന്റെ തുടർഭരണം: ജനവഞ്ചനയുടെ രണ്ട് വർഷം’ എന്ന തലക്കെട്ടിൽ ദുർഭരണത്തിനെതിരേ സംസ്ഥാന വ്യാപക പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രചാരണങ്ങളുടെ ഭാഗമായി മെയ് 20 മുതൽ 31 വരെ മണ്ഡലംതലങ്ങളിൽ വിചാരണ സദസ്സ് സംഘടിപ്പിക്കും.

അടുത്ത അഞ്ചു വർഷം വിലക്കയറ്റമുണ്ടാവില്ലെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ സർക്കാർ സർവമേഖലകളിലും അമിതഭാരം അടിച്ചേൽപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെ അമിതമായി നിരക്ക് വർധിപ്പിച്ചിരിക്കുന്നു. കെട്ടിടനികുതി, കെട്ടിട പെർമിറ്റ് ഫീസ്, ഭൂനികുതി ഉൾപ്പെടെ അന്യായമായി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിരക്ക് വർധനയ്ക്കു പുറമെ വൈദ്യുതിയ്ക്ക് സർചാർജും കൂടി ഏർപ്പെടുത്തിയിരിക്കുന്നു. അമിത ഇന്ധന വിലവർധനയോടൊപ്പം സർചാർജും അടിച്ചേൽപ്പിച്ചിരിക്കുന്നു. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിച്ചിരിക്കുകയാണെന്നും അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി.

യുവതലമുറയുടെയും ഉദ്യോഗാർഥികളുടെയും സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി പി.എസ്.സി നിയമനം മരവിപ്പിച്ച് പിൻവാതിൽ നിയമനവും കരാർ, താൽക്കാലിക നിയമനങ്ങളും തുടരുകയാണ്. ഇതിലൂടെ ബന്ധുക്കളുടെയും പാർട്ടിക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സ്വകാര്യ ലിമിറ്റഡ് കമ്പനിയായി ഇടതു സർക്കാർ മാറിയിരിക്കുന്നു.

സർവമേഖലകളിലും അഴിമതി കൊടികുത്തി വാഴുകയാണ്. ലൈഫ് ഫ്ളാറ്റ് നിർമാണം, സ്പ്രിംഗ്ലർ, സ്വർണ കള്ളക്കടത്ത്, മുട്ടിൽ മരംമുറി, നിർമാണ മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ പേരിലുള്ള അനധികൃത കരാറുകൾ, താനൂർ ബോട്ടപകടത്തിൽ മന്ത്രി വി അബ്ദുറഹ്മാന്റെ ഇടപെടൽ, ദുരിതാശ്വാസ നിധി വകമാറ്റൽ, ആഴക്കടൽ മത്സ്യബന്ധനം, ബന്ധുനിയമനങ്ങൾ, എ.ഐ കാമറ തുടങ്ങി അഴിമതിയുടെ കൈയൊപ്പ് ഇല്ലാത്ത ഒരു പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല.’

‘കോവിഡിന്റെ മറവിൽ മെഡിക്കൽ കോർപറേഷൻ വഴി മാസ്‌കും പ്രതിരോധ സാമഗ്രികളും വാങ്ങിയതിൽ കോടികളുടെ അഴിമതിയാണ് നടന്നത്. അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവുമാണെന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലാണ് തെളിവുകൾ പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ പൊതുകടം സർവകാല റെക്കോഡിലെത്തിയിരിക്കുന്നു. സർക്കാരിന്റെ ജനവിരുദ്ധതയെ മറച്ചുപിടിച്ച് വികസന വായ്ത്താരി പാടി ജനങ്ങളെ കബളിപ്പിക്കാൻ കോടികളാണ് ധൂർത്തടിക്കുന്നത്. ലഹരി മാഫിയകളും ഗുണ്ടകളും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല ഏറ്റെടുത്തിരിക്കുന്നു. ഡോക്ടർമാരുടെ ജീവനുപോലും രക്ഷയില്ലാതായിരിക്കുന്നു.’-എസ്.ഡി.പി.ഐ നേതാവ് വിമർശിച്ചു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽനിന്നു രക്ഷപ്പെടുന്നതിനും ബി.ജെ.പിയെ തൃപ്തിപ്പെടുത്തുന്നതിനും സംഘ്പരിവാര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു പോലും ഇടതുസർക്കാർ തയ്യാറാവുകയാണെന്നും പി. അബ്ദുൽ ഹമീദ് കുറ്റപ്പെടുത്തി. കെ. സുരേന്ദ്രൻ പ്രതിയായ കൊടകര കള്ളപ്പണക്കേസും മഞ്ചേശ്വരം, സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസും അട്ടിമറിച്ചത് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി എന്നിവരും സംബന്ധിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments