ഹൈദരാബാദ്: രാജ്യത്ത് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കിയാൽ അംഗീകരിക്കില്ലെന്ന് എഐഎഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. യൂണിഫോം സിവിൽ കോഡിന് അനുകൂലമായ പ്രധാനമന്ത്രിയുടെ ഇന്നത്തെ പരാമർശത്തെ തുടർന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. പ്രധാനമന്ത്രി സംസാരിക്കുന്നത് ഹിന്ദു സിവിൽ കോഡിനെ കുറിച്ചാണെന്നും യുസിസി നടപ്പിലാക്കിയാൽ അംഗീകരിക്കില്ലെന്നും ഒവൈസി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ഒവൈസി പറഞ്ഞു. മുത്തലാഖ് നിരോധനം ഇന്ത്യയിൽ നിയമംമൂലം നടപ്പിലാക്കി. എന്നാൽ അത് വേണ്ടത്ര ഫലം കണ്ടില്ല. സാമൂഹിക പരിഷ്‌കരണം നിയമ നിർമ്മാണത്തിലൂടെ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പസ്മന്ദ മുസ്ലീംങ്ങൾക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണ്. അതേ സമയം തന്നെ മുസ്ലീം സംവരണം ഒഴിവാക്കാൻ ശ്രമിക്കുകയാണ്. ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ നിലവിലത്തെ അവസ്ഥയെ തകർക്കുമെന്നും ഒവൈസി ആരോപിച്ചു.
ഭരണഘടന തുല്യത ഉറപ്പു വരുത്തുമ്പോൾ ഒരു രാജ്യത്ത് രണ്ട് തരം നിയമം പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഭോപ്പാലിൽ പറഞ്ഞിരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് രണ്ട് നിയമം ബാധകമാക്കുന്നത് അംഗികരിക്കാനാകില്ല. അതിനാൽ ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭോപ്പാലിൽ ബിജെപി സംഘടിപ്പിച്ച മേരെ ബൂത്ത് സബ്സെ മജ്ബുത്ത് എന്ന പരിപാടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രി കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ ജനങ്ങൾ ഏകീകൃത സിവിൽ കോഡാണ് ആഗ്രഹിക്കുന്നത്. മുത്തലാഖ് നിരോധിച്ചപ്പോൾ വിവിധ രാഷ്‌ട്രീയ കക്ഷികൾ എതിർത്തു. എന്നാൽ മുസ്ലിം പെൺകുട്ടികൾ ബിജെപിക്കൊപ്പമാണ് നിൽക്കുന്നത്. കാരണം മുത്തലാഖ് കടുത്ത അനീതിയാണ് ഇവരോട് ചെയ്യുന്നത്. ഇസ്ലാമിന് അവിഭാജ്യ ഘടകം എന്ന നിലയിലാണ് മുത്തലാഖിനെ ഇത്രയും കാലം സംരക്ഷിച്ചത്. എന്നാൽ ജനസംഖ്യയുടെ 90 ശതമാനവും സുന്നി വിഭാഗത്തിൽപ്പെട്ട ഈജിപ്തിൽ 80-90 വർഷം മുമ്പ് മുത്തലാഖ് ഇല്ലാതാക്കി. മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിലും ഈജിപ്റ്റിലും ഇന്തോനേഷ്യയിലും ഖത്തറിലും ജോർദാനിലും സിറിയയിലുമൊന്നും മുത്തലാഖ് ഇല്ലാത്തത് എന്തുകൊണ്ടാണ്, പ്രധാനമന്ത്രി ചോദിച്ചു.