തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ ന്യൂനമര്‍ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴി രൂപപ്പെട്ടതുമാണ് അതിശക്തമായ മഴക്ക് സാധ്യതയൊരുക്കുന്നത്.
തിങ്കളാഴ്ചയോടെ വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്.
തെക്കന്‍ ഒഡിഷക്കും-വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാതചുഴിയായി ദുര്‍ബലമായി വിദര്‍ഭക്കും ചത്തീസ്ഗഡിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. തെക്ക്-പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക്-കിഴക്കന്‍ രാജസ്ഥാനും വടക്ക്-കിഴക്കന്‍ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്.