കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശവുമായി എറണാകുളം പോക്‌സോ കോടതി. അഞ്ചു വയസ്സുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ കോടതി വിമർശിക്കുകയും ചെയ്തു. സാമൂഹ മാദ്ധ്യമങ്ങളിൽ നിന്നടക്കം കുട്ടിയുടെ ചിത്രം നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. പ്രതി അസഫാക് ആലത്തിനായുള്ള അസഫാക് ആലത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനായി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം
സംഭവത്തിൽ പ്രതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെയും കോടതി വിമർശിച്ചു. പ്രതിയുടെ ചിത്രങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ശേഷം തിരച്ചറിയൽ പരേഡ് നടത്തുന്നതിന്റെ സാംഗത്യം എന്താണെന്നും കോടതി ചോദിച്ചു. പ്രതിയെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ഹാജരാക്കാനും പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശം നൽകി.
അതേസമയം അസഫാക് ആലം ഡൽഹിയിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഗാസിപൂരിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരുമാസം തടവിൽ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. നിലവിൽ ആലുവ സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ തിരിച്ചറിയിൽ പരേഡ് ഇന്നാണ് പൂർത്തിയായത്.