മെൽബൺ : മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം Strathmore St. Vincent Hall ൽ വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. മനോഹരമായ പൂക്കളം ഒരുക്കി സോഷ്യൽ ക്ലബ്ബിലെ വനിതകൾ വ്യത്യസ്ഥരായി. യൂത്തിനെ പ്രതിനിധീകരിച്ച് ആൽവിൻ ചാമക്കാല, തെരേസാ ഫിലിപ്പ് കമ്പക്കാലുങ്കൽ, അലക്സാണ്ടർ തച്ചേട്ട്, സൈമൺ തച്ചേട്ട്, സ്റ്റെബിൻ ഓക്കാട്ട് എന്നിവർ പരിപാടികൾക്ക് അവതാരകരായി. സോഷ്യൽ ക്ലബ്ബിന്റെ കോർഡിനേറ്റർ ഷാനി ഫിലിപ്പ് കോയിക്കലത്ത് ആമുഖ പ്രസംഗം നടത്തി.
തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലി മന്നൻ എഴുന്നള്ളി. ജയിക്കബ് പോളക്കലിന്റെ മാവേലി ഏവർക്കും കൗതുകമായി. തുടർന്ന് മാവേലി ഓണ സന്ദേശം നൽകി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ആരംഭിച്ചു. സോഷ്യൽ ക്ലബ്ബിലെ വനിതകൾ പ്രത്യേകം തയ്യാർ ചെയ്ത ഓണസദ്യ എന്തുകൊണ്ടും രുചികരമായിരുന്നു. തുടർന്ന് കലാപരിപാടികൾക്ക് തുടക്കമായി. മോൻസി പൂത്തറയും തോമസ് തച്ചേടനും പ്രത്യേക താളത്തിൽ ഡാൻസ് ചെയ്തു കാണികളെ കൈയ്യിൽ എടുത്തു. തുടർന്ന് 2050 ലെ സോഷ്യൽ ക്ലബിലെ ഓണം എങ്ങനെ ആയിരിക്കും എന്നതിന് ആസ്പദമാക്കി ചാനൽ ചർച്ച നടത്തി ഏവരുടേയും ഹൃദയം കവർന്നു. തുടർന്ന് യൂത്ത് അവതരിപ്പിച്ച കേരള തനിമ വിളിച്ചോതുന്ന ഡാൻസും ക്ലബ്ബിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിരയും കാണികളുടെ മനം കവർന്നു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, മിസ്റ്റർ ആന്റ് മിസ്സിസ് സോഷ്യൽ ക്ലബ് മത്സരത്തിൽ വിജയിച്ച ബാബു മണലുങ്കൽ, സ്നേഹാ മണലുങ്കൽ എന്നിവർക്ക് വിജയ കിരീടം അണിയിച്ചു. വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിച്ച ക്ലബിലെ അംഗങ്ങൾക്ക് ഓണത്തിന്റെ സന്തോഷം വിതറിയ കോർഡിനേറ്റർമാരായ ഷാനി ഫിലിപ്പ് കോയിക്കലത്ത്, റ്റോമി നിരപ്പേൽ, ഷീലു സോബി പുലിമല, നീനു ജയിക്കബ് പോളയ്ക്കൽ, തോമസ് തച്ചേടൻ, മോൻസി പൂത്തുറ, സ്റ്റീഫൻ ഓക്കാട്ട് എന്നിവർ ഓണപരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരത്തെ ചായ സൽക്കാരത്തോടെ മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.