തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് രണ്ടുപേർ മരിച്ചതിനെ തുടർന്ന് 1286 പേർ സമ്പർക്ക പട്ടികയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 994 പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് രണ്ടാം നിപ തരംഗത്തിന് സാധ്യത കുറവാണെങ്കിലും തള്ളിക്കളയാനാവില്ലെന്നും സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം വർധിച്ചേക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മരിച്ചവർക്കുൾപ്പെടെ ഇതുവരെ ആറുപേർക്കാണ് രോഗ ബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒമ്പത് പേർ ഐസൊലേഷനിൽ കഴിയുന്നുണ്ട്. സന്നദ്ധ സേവന പ്രവർത്തകരുടെയും പൊലീസിന്റെയും സഹകരണത്തോടെ രോഗബാധിത മേഖലയിൽ സഹായം എത്തിക്കുന്നുണ്ട്.
രോഗനിർണയത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ലാബിലും തോന്നക്കൽ വൈറോളജി ലാബിലും സൗകര്യമുണ്ട്. സമ്പർക്കപട്ടികയിലുള്ളവർക്ക് മനശാസ്ത്ര പിന്തുണ നൽകാൻ സൗകര്യം ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.