ന്യൂഡൽഹി: ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് മോദി അബ്ബാസിനെ ഫോണിൽ വിളിച്ചത്. ഗസ്സയിലെ അൽ അഹ്‍ലി ആശുപത്രിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. ഫലസ്തീനിലെ ജനങ്ങൾക്ക് നൽകുന്ന സഹായം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തീവ്രവാദം, അക്രമം, മേഖലയിലെ സുരക്ഷാതകർച്ച എന്നിവയിലുള്ള ആശങ്ക ഫലസ്തീൻ പ്രസിഡന്റിനെ അറിയിച്ചുവെന്നും മോദി പറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ദീർഘകാലമായി ഇന്ത്യ തുടരുന്ന നിലപാട് പ്രസിഡന്റുമായുള്ള സംസാരത്തിൽ ആവർത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രംഗത്തെത്തിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച നരേന്ദ്രമോദി ഒപ്പമുണ്ടെന്നും തീവ്രവാദത്തിന്റെ ഏതു രൂപത്തെയും എതിർക്കുന്നതായും വ്യക്തമാക്കിയിരുന്നു.
ഫോൺ വിളിക്കുകയും നിലവിലെ അവസ്ഥകൾ വ്യക്തമാക്കുകയും ചെയ്തതിന് ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറയുന്നു.നിലവിലെ സാഹചര്യത്തെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഈ വിഷമഘട്ടത്തിൽ ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പമാണ്. എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.