ഡൽഹി: ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിൽ ഞെട്ടലും ലജ്ജയുമുണ്ടായെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അഹിംസ, സത്യം എന്നീ തത്വങ്ങളിലാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. പലസ്തീൻ ജനത ഉന്മൂലനം ചെയ്യപ്പെടുമ്പോൾ നിലപാട് സ്വീകരിക്കാൻ കഴിയാത്തത് ഇത്രകാലം രാജ്യം പാലിച്ചുപോന്ന തത്വങ്ങൾക്ക് എതിരാണെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. രാഷ്ട്രമെന്ന നിലയിൽ നേടിയ എല്ലാ പുരോഗതിക്കും എതിരായ നിലപാടെന്നും പ്രിയങ്ക വിമർശിച്ചു.
അഹിംസയും സത്യവുംകൊണ്ടാണ് നമ്മുടെ രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജീവൻ ബലിയർപ്പിച്ച് നേടിയ ഈ തത്വങ്ങളാണ് നമ്മുടെ ദേശീയതയെ നിർവചിക്കുന്ന ഭരണഘടനയുടെ അടിസ്ഥാനം. ഇതാണ് അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളെ പ്രതിനിധീകരിക്കുന്നത്. മനുഷ്യരാശിയുടെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി, ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം, ആശയവിനിമയം, വൈദ്യുതി എന്നിവയെല്ലാം തടസ്സപ്പെടുത്തുമ്പോഴും ആയിരക്കണക്കിന് പലസ്തീൻ ജനത ഉന്മൂലനം ചെയ്യപ്പെടുമ്പോഴും ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്തത് ഇന്ത്യ, ഒരു രാഷ്ട്രമെന്ന നിലയിൽ നേടിയ എല്ലാ പുരോഗതിക്കും എതിരായ നിലപാടാണ്.
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്