തിരുവനന്തപുരം : പാതയോരങ്ങളിൽ അനധികൃതമായി ബോര്‍ഡുകളും കൊടിതോരണങ്ങളും വെക്കരുതെന്ന ഹൈക്കോടതിയുടെ കര്‍ശന വിലക്കിന് തദ്ദേശ സ്ഥാപനങ്ങൾ നൽകുന്നത് പുല്ലുവില. ജീവന് പോലും അപകടരമായി ബോര്‍ഡുകളും തോരണങ്ങളും തലസ്ഥന നഗരത്തിലും പതിവ് കാഴ്ചയാണ്. തലസ്ഥാന നഗരത്തിലെ നാലാള് കാണുന്ന നിരത്തിൽ നിറയെ ഫ്ലക്സുകളും കൊടി തോരണങ്ങളും ബാനറുകളുമാണ്.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടവരുടെ മൂക്കിന് താഴെയാണ് ഇതെല്ലാം നടക്കുന്നത്. പാതയോരങ്ങളിൽ അനധികൃത ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും വെച്ചാൽ നടപടിയെടുക്കാൻ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്കാണ് ചുമതല. എന്നാൽ നഗരസഭാ സെക്രട്ടറിയുടെ കൈയ്യകലത്തിൽ നഗരസഭയുടെ മുന്നിലെ റോഡിൽ ഫ്ളക്സുകൾ നിരന്നിരിക്കുകയാണ്. ബലമില്ലാത്ത കയറുകളിലാണ് പല കൂറ്റൻ ഫ്ലക്സുകളും തൂങ്ങി നിൽക്കുന്നതു തന്നെ.
ലോകകപ്പിൽ കപ്പടിച്ച ടീം വീട്ടിലെത്തി. എന്നിട്ടും നമ്മുടെ ലോകകപ്പ് തോരണങ്ങൾ തലസ്ഥാന നഗരത്തിൽ ഇപ്പോഴും തൂങ്ങിക്കിടക്കുകയാണ്. അടിക്കടി പരിപാടികൾ നടക്കുന്ന തലസഥാന നഗരത്തിൽ മിക്ക ഫ്ലക്സും സ്ഥാപിക്കുന്നത് അനുമതി ഇല്ലാതെയാണ്. അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയിൽ നൽകിയ വിശദീകരണം. എന്നാലിപ്പോൾ സമിതിയുമില്ല നടപടിയുമില്ല. പൊതു ജനങ്ങളുടെ ജീവന് ആര് സമാധാനം പറയുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയുമില്ല.