തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ മാറ്റില്ലെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കർ. അദ്ദേഹം ശക്തനായ പോരാളിയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടുക ഇതേ നേതൃത്വമാണെന്നും ജാവഡേക്കർ പറഞ്ഞു. കെ.സുരേന്ദ്രനെ മാറ്റുമെന്നും ബി.ജെ.പിയിൽ എന്തൊക്കെയോ സംഭവിക്കുമെന്നെല്ലാം പറയുന്നത് തെറ്റായ പ്രചാരണമാണ്. എൽഡിഎഫും യുഡിഎഫുമാണ് മാധ്യമങ്ങളിലൂടെ വരുന്ന ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ പടർത്തുന്നതിന് പിന്നിൽ പാർട്ടിയിലുള്ളവരും ഉണ്ടെന്ന സൂചനയും ജാവഡേക്കർ നൽകി. ‘ചിലർ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ട്, പ്രചരിപ്പിക്കുന്നുണ്ട്. അതിന് പിന്നിലുള്ളവരെ കണ്ടെത്തും. സംസ്ഥാനനേതൃത്വം നന്നായി പ്രവർത്തിക്കുന്നുണ്ട്. ഒരാളെയും മാറ്റാനുദ്ദേശിക്കുന്നില്ല. സംഘടനയെ വികസിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുക’, ജാവഡേക്കർ വ്യക്തമാക്കി.
കഴിഞ്ഞ മാസം 31-ന് സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ സംസ്ഥാന നേതൃത്വത്തിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ ഇത് പൂർണ്ണമായും പരസ്യമായി തന്നെ തള്ളിപറഞ്ഞിരിക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ. ആലപ്പുഴയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ പ്രഭാരിയാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റില്ലെന്ന് ഔദ്യോഗികമായി തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരും. അദ്ദേഹം കരുത്തനായ പോരാളിയാണ്. നിലവിലുള്ള സംസ്ഥാന ഭാരവാഹികൾ മുഴുവൻ അതേപടി തുടരും. എല്ലാവരേയും ഉൾപ്പെടുത്തി ടീമിനെ വിപുലപ്പെടുത്തും. ജില്ലാ തലത്തിലും ബൂത്ത് തലത്തിലും വിപുലപ്പെടുത്തൽ ഉണ്ടാകും. എന്നാൽ ഒരു പുനഃസംഘടനയും ഉണ്ടാകില്ല. അത്തരം വാർത്തകളെല്ലാം വ്യാജമാണ്. മോദിയുടെ പ്രഭാവം കേരളത്തിലും വിജയം കാണുമെന്ന് ഭയന്നാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതിന് പിന്നിലെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.