ദില്ലി : ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗ് രാജി വച്ചേക്കുമെന്ന് സൂചന. ഈ മാസം 22 ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ രാജി അറിയിച്ചേക്കും. കായിക മന്ത്രാലയവുമായുള്ള ചർച്ചക്ക് ശേഷം ഗുസ്തി താരങ്ങൾ തിരിച്ചെത്തി.
റെസ്ലിങ് ഫെഡറേഷൻ അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റെസ്ലിംഗ് താരങ്ങൾ ഉയർത്തിയത്. ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ആദ്യമായി റെസ്ലിംഗ് താരം വിനേശ് ഫോഘട്ടാണ് ഉയർത്തി. താനുൾപ്പടെയുള്ള വനിതാ താരങ്ങളെ ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന വിനേശ് ഫോഘട്ടിന്റെ ആരോപണം വലിയ വിവാദമായി.
ഫേഡറേഷൻറെ പ്രവർത്തനത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നു. കായിക താരങ്ങൾക്ക് വേണ്ട സൌകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളിൽ വരെ ഫെഡറേഷൻ കൈകടത്തുന്നുവെന്ന ആരോപണവും കായിക താരങ്ങൾ ഉന്നയിച്ചു. കേന്ദ്ര സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കുമെന്നും താരങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിൻറെ പ്രതികരണം.