കൊച്ചി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് മലയാളിയായ എൻഐഎ ഉദ്യോഗസ്ഥൻ അർഹനായി. സേനയിലെ 35 വർഷത്തെ മികവുറ്റ സേവനത്തിന് കോഴിക്കോട് വടകര പതിയാരക്കര സ്വദേശി സി എം അശോകനാണ് മെഡലിന് അർഹനായത്. കേന്ദ്ര പൊലീസ് സേനയിലെ മികച്ച സേവനം കണക്കിലെടുത്ത് 2010 ൽ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് അശോകനെ തെരഞ്ഞെടുത്തിരുന്നു.
തീവ്രവാദ വിരുദ്ധ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച അശോകൻ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദബന്ധമുള്ള വിവിധ കേസുകൾ തെളിയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് വകുപ്പു തലത്തിൽ ഒട്ടേറെ അവാർഡുകൾ നേടിയ അശോകൻ ഇപ്പോൾ കൊച്ചി എൻഐഎ യൂനിറ്റിൽ ജോലി ചെയ്തു വരികയാണ്. സരസ്വതിയമ്മയുടെയും പരേതനായ ഇ കെ കുറുപ്പിന്റെയും മകനാണ്. ഭാര്യ ജയന്തി അശോകൻ. മക്കൾ: അഞ്ജന അശോകൻ, ആകാശ് അശോകൻ