പത്തനംതിട്ട: ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് അനുവദിച്ച തുക ലഭിക്കാത്തതുകൊണ്ടാണ് താൻ ആത്മഹത്യ ചെയ്തതെന്ന് പത്തനംതിട്ടയിൽ ലോട്ടറി കച്ചവടക്കാരന്റെ ആത്മഹത്യാക്കുറിപ്പ്. ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ലെന്നും അതുകൊണ്ട് താൻ പോകുകയാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വീട് വാർപ്പിനുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഓമല്ലൂർ സ്വദേശി ഗോപിയാണ് ഇന്നലെ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വീട് നിർമ്മാണത്തിന് രണ്ട് ലക്ഷം രൂപ ഗോപിക്ക് കൈമാറിയിരുന്നതായും ഇനി ഒരു ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ വിളവിനാൽ റിപ്പോർട്ടറിനോട് വ്യക്തമാക്കി. ഫണ്ട് ലഭിക്കാത്തതുകൊണ്ടാണ് തുക കൈമാറാൻ കഴിയാത്തത്. ഹഡ്കോയിൽ നിന്നും വായ്പ ലഭിച്ചില്ലെന്നും ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.
നിർമ്മാണം പൂർത്തിയാക്കാത്തതിൽ അച്ഛൻ മനോവിഷമത്തിൽ ആയിരുന്നു എന്നും ആത്മഹത്യയ്ക്ക് കാരണം സർക്കാരിൽ നിന്നും പണം ലഭിക്കാത്തത് കൊണ്ടാണെന്നും ഗോപിയുടെ മകൻ ബിജു പറഞ്ഞു. കഴിഞ്ഞ ഓണത്തിന് വീട് നിർമ്മാണം പൂർത്തിയാക്കി താമസമാക്കണമെന്ന് ആഗ്രഹം അച്ഛന് ഉണ്ടായിരുന്നതായും മകൻ ബിജു പറഞ്ഞു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിനു സമീപത്താണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നലെ ഗോപിയുടെ മൃതശരീരം കണ്ടെത്തിയത്. തീപ്പെട്ടിയും മണ്ണെണ്ണയും മൃതശരീരത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.