കൊച്ചി: സ്വപ്നക്കായി ലോക്കർ തുടങ്ങിയെന്നത് മാത്രമാണ് തനിക്കെതിരായ ഇ ഡി ആരോപണമെന്ന് എം ശിവശങ്കർ ഹൈക്കോടതിയിൽ. ലൈഫ് മിഷൻ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ശിവശങ്കർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാറ്റിവയ്ക്കണന്ന് ഇന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നറിയിച്ച കോടതി കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുകയായിരുന്നു.
ശിവശങ്കറിനെതിരായി ഇ.ഡി ഉന്നയിച്ച വാദങ്ങളിൽ വ്യക്തത വരുത്തുകയാണ് കോടതി ഇന്ന് ചെയ്തത്. അതിൽ പ്രധാനമായും സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസും രണ്ട് വ്യത്യസ്ത കേസുകളാണെന്ന് തെളിയിക്കാനാണ് ഇഡി ശ്രമിച്ചത്. ഇതിനെ സാധൂകരിക്കുന്നതിന് വേണ്ടി സ്വപ്‌ന സുരേഷ്, സന്തോഷ് ഈപ്പൻ തുടങ്ങിയവരുടെയെല്ലാം മൊഴി ഇ.ഡി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച ശിവശങ്കർ സ്വപ്‌നയ്ക്കായി ലോക്കർ നിർമിച്ചത് മാത്രമാണ് തനിക്കെതിരായ ഇ.ഡി ആരോപണമെന്നാണ് വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ വാദപ്രതിവാദങ്ങളുണ്ടായി.
സ്വപ്നയുടേത് ഉൾപ്പെടെ ശിവശങ്കറിനെതിരായ മൊഴികൾ ഇ ഡി കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കേസിൽ രണ്ടും മൂന്നും ദിവസം വാദം കേട്ടത് ശേഷമാണ് കോടതി വിധി പറയാനായി മാറ്റിയിരിക്കുന്നത്.