കൊച്ചി: മഹാരാജാസ് കോളജ് അധ്യാപകൻ ഡോ. നിസാമുദ്ദീനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർഥികൾ രംഗത്തെത്തി. വിദ്യാർഥിനികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ പുറത്തുവിട്ടു. നിസാമുദ്ദീനെതിരെ നിയമനടപടികൾ ആരംഭിച്ചതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം.ഷെഫ്‌റിൻ പറഞ്ഞു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയായ ഡോ. നിസാമുദ്ദീൻ വിദ്യാർഥികളെ വംശീയമായി ആക്ഷേപിക്കുന്നതിൻറെ ശബ്ദരേഖ നേരത്തേ പുറത്തുവന്നതാണ്.
ഇതിന് പിറകെയാണ് പെൺകുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതിൻ്റെ ശബ്ദ രേഖയും വിദ്യാർഥികൾ പുറത്തുവിട്ടത്. സ്റ്റാഫ് അഡ്വെെസറും അറബി വിഭാഗം അധ്യാപകനുമായ ഡോ. നിസാമുദ്ദീനെതിരെ നേരത്തേയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
മുമ്പ് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളിൽ പെരുമാറ്റ ദൂഷ്യത്തിന് നടപടിയും നേരിട്ടിട്ടുണ്ട്. നിസാമുദ്ദീനെതിരെ തെളിവു സഹിതം വിദ്യാർഥിനികൾ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. നിസാമുദ്ദീൻറെ നിയമനവും യോഗ്യതയും പരിശോധിക്കണമെന്ന ആവശ്യവും ഫ്രറ്റേണിറ്റി ഉന്നയിക്കുന്നുണ്ട്.